Sunday, April 17, 2011

ഇന്നലെയുടെ നിഴലുകള്‍ ....

ഇന്നലെയുടെ നിഴലുകള്‍ ....


ട്രെയിനിലേക്ക്‌ കാലെടുത്തു വെക്കുമ്പോള്‍ അയാളുടെ മനസ്സില്‍ പതിവ് യാത്രകളിലെ പോലെ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജനലിനരുകിലായി അല്പം സ്ഥലം. ആദ്യത്തെ നോട്ടത്തില്‍ തന്നെ വിചാരിച്ചിടത്തു സ്ഥലം കിട്ടിയപ്പോള്‍ അയാള്‍ ഇഷ്ടപെട്ട കളിപ്പാട്ടം കിട്ടിയ കുട്ടിയേപ്പോലെ ജനലിനോട്‌ ചേര്‍ന്നിരുന്നു.
സമാഗമത്തിന്റെയും വേര്‍പാടിന്റെയും അനുഭവങ്ങള്‍ക്കായി കാത്തുനില്‍ക്കുന്ന അപരിചിതരായ യാത്രക്കാരെ അയാള്‍ ശ്രദ്ധിച്ചില്ല. വണ്ടി പുറപ്പെട്ടു തുടങ്ങിയപ്പോള്‍ പുറത്തേക്കും നോക്കി അയാളിരുന്നു.
പുറത്തെ പച്ചവിരിച്ച കാഴ്ചകള്‍ മനസിന്‌ കുളിര്‍മ്മയേകി.
ജനലിലൂടെ ചൂളം വിളിചെത്തുന്ന കാറ്റും കൊണ്ടിരുന്നപ്പോള്‍ കണ്ണടഞ്ഞു പോകുന്നതുപോലെ തോന്നി. ഏതോ ഒരു സ്റെഷനില്‍ ട്രെയിന്‍ നിര്‍ത്തിയതും ആളുകള്‍ കയറിയിരങ്ങിയതും അയാളറിഞ്ഞില്ല.
അനന്തതയില്‍ എവിടെയോ നിന്ന് ഒരു ശബ്ദം തന്നെ വിളിക്കുന്നതുപോലെ തോന്നിയപ്പോള്‍ ഉറക്കം തൂങ്ങിയ കണ്പോളകള്‍ അയാള്‍ പതുക്കെ തുറന്നു. പുഞ്ചിരിക്കുന്ന മുഖത്തോടെ മുന്‍പിലിരിക്കുന്ന ഒരു സുമുഖനെയാണ് കണ്ണില്‍ പെട്ടത്. നനുത്ത തടിയുള്ള ആ രൂപത്തെ എവിടെയോ കണ്ടു മറന്നതുപോലെ തോന്നി.
മധുവല്ലേ?
താടിക്കാരന്‍ ചോദിച്ചു.
"അതെ . ആരാ മനസിലായില്ല"
പറഞ്ഞുതീരും മുമ്പേ അയാളുടെ അടുത്തുള്ള സ്ത്രീരൂപത്തെ അയാള്‍ തിരിച്ചറിഞ്ഞു .
ഈശ്വരാ .. അവള്‍ ....
"ഞാന്‍ ബാബു"
താടിക്കാരന്‍ പരിചയപെടുത്താന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തടഞ്ഞു,
"വേണ്ട . മനസിലാ ......" മുറിഞ്ഞ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെ തൊണ്ടയില്‍ തങ്ങി നിന്ന് വീര്‍പ്പുമുട്ടിച്ചു.
"എനിക്ക് ഒറ്റ നോട്ടത്തില്‍ തന്നെ സംശയം തോന്നി. കഴിഞ്ഞ ആഴ്ചയിലെ പത്രത്തില്‍ കഥയോടൊപ്പം വന്ന ഫോട്ടോ മനസ്സിലുണ്ടായിരുന്നു."
ബാബു പരിചിതഭാവത്തില്‍ സംസാരം തുടര്‍ന്ന്. നല്ല സ്ഫുടതയുള്ള സ്വരം.
"കഥ നന്നായിരുന്നു. ശരിക്കും ഹൃധയസ്പര്‍ശി".
"നന്ദി"
എന്തെങ്കിലും പറയണ്ടേ എന്ന് കരുതി അയാള്‍ മറുപടി കൊടുത്തു
വര്‍ഷങ്ങള്‍ക്കു ശേഷം എവിടെയെങ്കിലും വെച്ച് അവളെ കണ്ടുമുട്ടും എന്ന് അയാള്‍ക്കറിയാമായിരുന്നു . എങ്കിലും ഒരു നിമിഷം എന്താണ് ചെയ്യെണ്ടാതെന്നറിയാതെ മനസ്സ് മരവിച്ചുനിന്നു.
രണ്ടുപേരുടെയും കണ്ണുകള്‍ തന്നിലാണ് പതിക്കുന്നത് എന്നറിഞ്ഞപ്പോള്‍ അയാള്‍ തലകുനിച്ചിരുന്നു.
അവള്‍ക്കു ഒരുപാടു മാറ്റം വന്നതുപോലെ അയാള്‍ക്ക്‌ തോന്നി. എങ്കിലും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ അഭിമാനം തോന്നി. ഒപ്പം വേദനയും. കാരണം എന്തെന്നറിയാത്ത വേദന. മനസ്സില്‍ എവിടെയോ മുള്ള് തറക്കുന്നത് പോലെ
"എന്നെ അറിയോ..."
പൊടുന്നനെ ആയിരുന്നു .അവളുടെ ശബ്ദം കാതില്‍ വന്നലച്ചത്.
"ഉവ്വ്"
നിര്‍വികാരനായി മറുപടി കൊടുത്തു. അല്പം മുന്‍പ് പറഞ്ഞ മറുപടി അവള്‍ കേട്ടിരുന്നില്ല എന്ന് തോന്നി.
അവളുടെ സ്വരത്തിന്റെ പഴയ മൃദുലത അയാളെ ഓര്‍മകളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
മുല്ലപ്പൂവിന്റെ മണവും മഞ്ഞിന്റെ ശീതളിമയുമുള്ള ഈ മനസ്സിലും ശരീരത്തിലും ആശ്വാസം തേടിയ ദിവസങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. പരസ്പരം ഒരുപാടു സ്നേഹിച്ചതും ഒടുവില്‍ ഒരു ദിവസം താന്‍ നിസ്സഹായതയോടെ നോക്കി നില്‍ക്കുമ്പോള്‍ മറ്റൊരാള്‍ അവളെ സ്വന്തമാക്കിയതുമെല്ലാം ഓര്‍മയില്‍ തെളിഞ്ഞപ്പോള്‍ നിറഞ്ഞുവന്ന തേങ്ങലിനെ അയാള്‍ മനസ്സില്‍ അമര്‍ത്തിപ്പിടിച്ചു .
"ഇപ്പോള്‍ എവിടെയാ ജോലി " ?
അവളുടെ ചോദ്യത്തിന് അയാള്‍ കടന്നു പോന്ന പട്ടണത്തിന്റെ പേര് പറഞ്ഞു.
"നിങ്ങള്‍ സംസാരിചിരിക്ക് . ഞാനൊന്നു ടോയ്ലെറ്റില്‍ പോയി വരാം
ബാബു ചിരിച്ചുകൊണ്ട് എഴുന്നേറ്റു . താന്‍ ഏറ്റവും വിലപ്പെട്ടതായി കരുതിയ അവളെ തട്ടിയെടുത്ത ആ മനുഷ്യനെ അയാളൊന്നു നോക്കി . നിറം ഇത്തിരി കുറവാണ് എങ്കിലും അവള്‍ക്ക് യോജിച്ച ആള്‍ തന്നെ.
അയാള്‍ക്ക്‌ ഇപ്പോഴും വിശ്വസിക്കാനായില്ല. എതിരെ ഇരിക്കുന്ന സുന്ദരി ഒരിക്കല്‍ തന്റെതുമാത്രമായിരുന്നു എന്ന് വിശ്വസിക്കാന്‍ മനസ്സ് മടിക്കുന്നത് പോലെ.
"സുഖമാണോ"
അയാള്‍ അവളുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു. ആളുകളോട് സംസാരിക്കുമ്പോള്‍ കണ്ണുകളിലേക്കു മാത്രമേ നോക്കാവൂ, എന്നാലേ അവരുമായി ഘാട സൌഹൃതം ഉണ്ടാകൂ എന്നും പഠിപ്പിച്ചത് അവളാണ് . അയാള്‍ ഓര്‍ത്തു.
"ഇത്തരം പൊള്ളയായ വാക്കുകള്‍ എന്തിനാണ് ഉപയോഗിക്കുന്നത് "? അവള്‍ തിരിച്ചു ചോദിച്ചു .
"പണ്ട് മധു ഇങ്ങനെ ആയിരുന്നില്ലല്ലോ"?
ഒരു നിമിഷം വാക്കുകള്‍ കിട്ടാതെ അയാള്‍ കുഴങ്ങി . അവളുടെ മുഖത്ത് ചെറുചിരി വിടര്‍ന്നുവോ? തന്നെ തോല്പിച്ചുവെന്ന ചെറുചിരി?
"പിന്നെ നിച്ചുവിനോട് ഞാനെന്താ ചോദിക്കേണ്ടത്‌ "?
അവളെ വീട്ടില്‍ വിളിക്കാറുള്ള പേര് മനപ്പൂര്‍വം ഉപയോഗിച്ച്. ഇത്തവണ അവള്‍ക്കു മറുപടിയില്ല്ലായിരുന്നു.
"മധുവിന് എത്ര കുട്ടികള്‍ ഉണ്ട്"?
അയാളുടെ കയ്യിലുണ്ടായിരുന്ന ബാക്കറിയുടെ പേരുള്ള കവറിലേക്ക് നോക്കികൊണ്ടായിരുന്നു അവള്‍ ചോദിച്ചത്.
"രണ്ട്"
ഉടന്‍ മറുപടി കൊടുത്തു
"പഠിക്കുകയാവും അല്ലെ"
"പഠിപ്പെല്ലാം കഴിഞ്ഞു എപ്പോള്‍ കിടപ്പിലാ"
"കിടപ്പിലോ"?
അവളുടെ മുഖത്ത് അത്ഭുതഭാവം വിരിഞ്ഞു
"കുട്ടികളെന്നു പറഞ്ഞത് അച്ഛനേയും അമ്മയേയും ആണ്"
വയസ്സായി ഓര്‍മ്മകള്‍ നശിച്ചുതുടങ്ങിയ അവരെ മറ്റെന്താണ് വിശേഷിപ്പിക്കുക എന്നയാള്‍ക്ക് അറിയാമായിരുന്നില്ല.
അവള്‍ക്കു മറുപടി കൊടുത്തിട്ട് അയ്യാള്‍ മനസ്സില്‍ പതുക്കെ ചോദിച്ചു
നിച്ചു. ഞാനിപ്പോള്‍ പഴയ മധുവായില്ലേ. നിന്റെ ചോദ്യങ്ങള്‍ക്കെല്ലാം കുസൃതി നിറഞ്ഞ മറുപടി നല്‍കുന്ന വികൃതിയായ മധു ?
അവളുടെ മുഖത്തെ ചിരി മഞ്ഞു . പകരം നിഴല്‍ പരക്കുന്നത് അയാള്‍ കണ്ടു. വേദനയുടെ നിഴല്‍.
"അപ്പോള്‍ മധു .... കല്യാണം " ?
"ഇല്ലാ"
"എന്താ കാരണം" ?
ഒന്നുമറിയാത്ത ഭാവത്തില്‍ അവള്‍ തിരക്കി
"പറയണോ"?
ഒരു നിമിഷം വീണ്ടും നിശബ്ദത അവിടെ തളം കെട്ടി. തീവണ്ടിയുടെ കട കട ശബ്ദവും ചൂളം വിളിചെത്തുന്ന കാറ്റും നിശബ്ദതയെ തകര്‍ത്തുകൊണ്ടിരുന്നു..
"വേണ്ട"
അവള്‍ മൌനത്തിന്‌ വിരാമം ഇട്ടു.
"ബാബുവിന് അറിയോ" ?
അയ്യാള്‍ വിഷയം മാറ്റാനായി ചോദിച്ചു. കൂടുതല്‍ വാക്കുകള്‍ ഉപയോഗിക്കല്‍ മടി തോന്നി
"ഉവ്വ്. ഞാനെല്ലാം പറഞ്ഞിരുന്നു"
ഇല്ല എന്നാ മറുപടി ആണ് അയാള്‍ പ്രതീക്ഷിച്ചിരുന്നത്.
നനുത്ത താടിയുള്ള, സുന്ദരമായ മുഖമുള്ള ബാബുവിന്റെ രൂപം അയാളുടെ മനസ്സില്‍ നിറഞ്ഞു. ഒപ്പം കുറ്റബോധവും
"എന്നാ നിങ്ങള്‍ നാട്ടിലേക്കു വന്നത് "?
ഏതോ ഓര്‍മകളില്‍ മുഴുകിയിരുന്ന അവള്‍ അയാളുടെ ചോദ്യം കേട്ടില്ല എന്നു തോന്നി .
അയാള്‍ വീണ്ടും ആ ചോദ്യം ചോദിച്ചു.
"ഒരാഴ്ചയായി ". മറുപടി കിട്ടി
"എന്താ പെട്ടെന്ന് തന്നെ മടങ്ങുന്നത്"?
അവള്‍ മറുപടി പറഞ്ഞില്ല. കുറച്ചു നേരം കഴിഞ്ഞു പതുക്കെ മന്ത്രിച്ചു
"ഞങ്ങള്‍ വിവാഹമോചിതരായി - ഇന്നലെ ".
അയാള്‍ ഞെട്ടിതെരിച്ചുകൊണ്ട്‌ അവളെ നോക്കി. അയാളുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തായിരുന്നു അവളുടെ മറുപടി. ഒന്നും പറയാനാകാതെ അയാള്‍ അവളെത്തന്നെ നോക്കിയിരുന്നു.
"എല്ലാം അറിഞ്ഞിട്ടും ബാബുവിന് എന്നെ ഒരുപാടിഷ്ടമായിരുന്നു. ഇത്രയും വര്‍ഷം എനിക്ക് നല്‍കിയ സ്നേഹത്തിന്റെ ചെറിയൊരംശം പോലും തിരിച്ചുനല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല. അതാ പിരിഞ്ഞത് ."
അവളുടെ തണുത്ത വാക്കുകള്‍ മനസ്സിലെല്‍പ്പിച്ച മുറിവില്‍ നിന്നും ചോരചിന്തുന്നതുപോലെ അയാള്‍ക്ക്‌ തോന്നി. സഹിക്കാന്‍ കഴിയാത്ത ഒരു വേദന ശരീരത്തിലാകെ പടരുന്നത്‌ അയാളറിഞ്ഞു.
"എങ്ങിനെയെങ്ങിലും ഒത്തു പോകാമായിരുന്നില്ലേ "
മടിച്ചു മടിച്ചു അയാള്‍ ചോദിച്ചു?
"ഒരുപാടു ശ്രമിച്ചതാ. ഇതത്രയും നാള്‍ . പക്ഷെ ഒരിക്കലും മറ്റൊരാളെ സ്നേഹിക്കാനാവാത്ത വിധം ഞാന്‍ "..
"ഞാന്‍ "
അയാള്‍ അവളെ തുടരാന്‍ പ്രേരിപ്പിച്ചു
"പറയണോ"
നേരത്തെ അയാള്‍ ചോദിച്ച ചോദ്യം അവള്‍ തിരിച്ചു ചോദിച്ചു
"വേണ്ട. അറിയാം . എല്ലാത്തിനും കാരണക്കാരന്‍ ഞാന്‍ ആണെന്നും അറിയാം."
"വേണ്ട മധു... ആരും ആരെയും പഴിചാരേണ്ട. എല്ലാം വിധിയെന്ന് വിശ്വസിക്കുക. പിന്നെ ദുഖങ്ങളുണ്ടാകില്ല.
വിധി . അയാള്‍ക്കാ വാക്കിനോട് പുച്ഛം തോന്നി . കുറെ തെറ്റുകള്‍ ചെയ്തു പരാജയപ്പെടുമ്പോള്‍ , അവയെ മറക്കാനായി, തെറ്റുകള്‍ എല്ലാം എല്പിക്കാനായി മനുക്ഷ്യന്‍ തെരഞ്ഞെടുക്കുന്ന വാക്ക്. അത് മാത്രമാണ് വിധി എന്നാണ് അയാള്‍ വിശ്വസിച്ചിരുന്നത്.
"പിരിഞ്ഞിട്ടും പിന്നെ ഈ യാത്ര"?
"ബാബു നേരെ ജോലിസ്ഥലത്തേക്ക് . ഞാന്‍ വഴിയിലിറങ്ങും". അവളുടെ വാക്കുകളില്‍ ഗദ്ഗദം നിറഞ്ഞിരുന്നു.
"ഒരുമിച്ചുള്ള അവസാനത്തെ യാത്ര, ആ യാത്രയില്‍ തന്നെ കാണാന്‍ ഒരുപാടു ആഗ്രഹിച്ച ആളെ കാണുക. ഇത് വിധിയല്ലാതെ എന്താണ് മധു "?
അയാള്‍ക്ക്‌ മറുപടിയില്ലായിരുന്നു . പകരം ചോദിച്ചു.
"വഴിയില്‍ എവിടെ " ?
അയാള്‍ വാക്കുകള്‍ക്ക് വീണ്ടും പിശുക്ക് കാട്ടി.
പാലക്കാട്‌ ഒരു സ്കൂളില്‍ ടീച്ചര്‍ ആയി ജോലി ശരിയാക്കിയിട്ടുണ്ട് . ഇനിയുള്ള കാലം അവിടെ
ഒരു ടീച്ചര്‍ ആവുക എന്നുള്ളതായിരുന്നു ചെറുപ്പം മുതലേ ഉള്ള അവളുടെ ആഗ്രഹം. അത് ഈ സമയത്തെങ്കിലും സാധിച്ചല്ലോ.
പക്ഷെ അയ്യാള്‍ക്ക് അല്പം പോലും ആശ്വാസം ലഭിച്ചില്ല. നിറഞ്ഞ കണ്ണുകളെ അയാള്‍ അവളറിയാതെ തുടച്ചു.
ഇനിയും എത്ര കാലം താനിങ്ങനെ ജീവിക്കണം . എന്നോ ചെയ്തുപോയ സ്നേഹം എന്ന തെറ്റിന്റെ(ശരിയുടെ) പാപവും പേറി എത്രകാലം കൂടി അലയണം ?
അയാളുടെ ഈ ചോദ്യങ്ങള്‍ക്ക് മനസ്സു ഒരുത്തരവും നല്‍കിയില്ല.
ബാബു അടുത്തേക്ക് നടന്നടുത്തപ്പോള്‍ അയാള്‍ പരിചിത ഭാവത്തില്‍ ഒന്ന് ചിരിച്ചു. മനസ്സില്‍ കരഞ്ഞുകൊണ്ട്‌ പുറമേ ചിരിക്കാനുള്ള കഴിവ് അയാള്‍ പണ്ടേ സ്വായത്തമാക്കിയിരുന്നു.പക്ഷെ അതും ഇവിടെ ഫലിക്കാത്തതുപോലെ.
എന്റെ സ്റേഷന്‍ അടുക്കാറായി.
അയാള്‍ രണ്ടുപെരോടുമായി പറഞ്ഞു. സത്യത്തില്‍ അയാള്‍ക്ക്‌ ഇറങ്ങേണ്ട സ്റേഷന്‍ അതായിരുന്നില്ല. പക്ഷെ ഇനിയും ഇവിടെ ഇരുന്നാല്‍ മനസിന്റെ നിയന്ത്രണം വിട്ടു പോകും എന്നയാള്‍ക്ക് അറിയാമായിരുന്നു .
സ്റേഷന്‍ അടുക്കാറായി എന്നതിന്റെ സൂചനയായി ട്രെയിനിന്റെ വേഗത കുറഞ്ഞുവന്നു . അയാള്‍ അവരെ അവസാനമായി ഒന്ന് നോക്കി. പിന്നെ ബാഗും കയ്യിലെടുത്തു എഴുന്നേറ്റു നടന്നു.
ബാബു ചിരിച്ചുകൊണ്ട് അയാളെ യാത്രയാക്കി.
"ഇനി എഴുതാന്‍ പോകുന്ന കഥകള്‍ക്ക് മുന്‍കൂറായി അഭിനന്ദനങള്‍ ".
"നന്ദി വീണ്ടും കാണാം "
തന്നെ മാത്രം ശ്രദ്ധിക്കുന്ന അവരുടെ കണ്ണുകള്‍ എവിടെയോ ആഴ്ന്നിരങ്ങുന്നതുപോലെ. അയ്യാള്‍ പതുക്കെ തിരിഞ്ഞു നടന്നു.
ട്രെയിന്‍ നില്‍ക്കുന്നതും കാത്തു വാതിലിനരുകില്‍ അയാള്‍ നിന്നു . കണ്ണുകള്‍ വീണ്ടും നിയന്ത്രണം വിട്ട് തുളുമ്പി തുടങ്ങിയിരുന്നു.
ചുമലിലാരോ സ്പര്‍ശിക്കുന്നതുപോലെ തോന്നിയപ്പോള്‍ അയാള്‍ തിരിഞ്ഞു നോക്കി. ബാബു
"ഇതെന്റെ വിസിറ്റിംഗ് കാര്‍ഡ്‌ ആണ് . തരാന്‍ മറന്നു. ബാങ്ങലൂരില്‍ വരുമ്പോള്‍ തീര്‍ച്ചയായും എന്റെ അടുത്ത് വരണം" .
കാര്‍ഡ്‌ വാങ്ങി കയ്യില്‍ പിടിച്ചു. നിറഞ്ഞ കണ്ണുകള്‍ തുടക്കത്തെ ബാബുവിനോടു പറഞ്ഞു.
"എന്നെ ശപിക്കരുത് . നിങ്ങളുടെ ജീവിതം തകര്‍ത്തതിന് ."
ഇടറിയ വാക്കുകള്‍ ബാബുവിന് മനസില്ലയോ?
അയാള്‍ക്ക് ശംസയം തോന്നി
"ഇത് പറയേണ്ടത് ഞാനല്ലേ. അറിയാതെയാണ് എങ്കിലും നിങ്ങളെ പിരിച്ചത് ഞാനല്ലേ".
പിന്നെ ഒന്നും പറഞ്ഞില്ല. ട്രെയിനില്‍ നിന്നും പുറത്തേക്കു കാലെടുത്തു വെക്കുമ്പോള്‍ ബാബു വിളിച്ചു.
അയാള്‍ ചോദ്യഭാവത്തില്‍ തിരിഞ്ഞു നോക്കി.
"മധു... ഞാനൊന്നു ചോദിച്ചോട്ടെ "?
"എന്താ"?
ഇത്രയും കാലം ഒരുപാട് സ്നേഹം ഞാന്‍ അവള്‍ക്കു നല്‍കിയിട്ടും ഒരല്പം പോലും മടക്കി തരാനാവാത്ത വിധം അവളുടെ സ്നേഹം മുഴുവനും നിങ്ങളെങ്ങിനെയാണ് കവര്‍ന്നു എടുത്തത്‌ '?
ബാബുവിന്റെ സ്വരവും ഇടറുന്നതായി അയാള്‍ക്ക്‌ തോന്നി.
മറുപടി കൊടുക്കാനാവാതെ നിറഞ്ഞ കണ്ണുകളും കുനിഞ്ഞ ശിരസ്സുമായി അയാള്‍ നിന്നു. അല്പം കഴിഞ്ഞു നനഞ്ഞ കണ്ണുകള്‍ നഷ്ടപ്പെടുത്തിയ കാഴ്ചശക്തി വീണ്ടെടുക്കുമ്പോള്‍ ട്രെയിന്‍ അയാളില്‍ നിന്നും അകന്നകന്നു പോയിരുന്നു.


ഒരു വ്യാഴവട്ടം മുന്‍പ് ഞാന്‍ ആദ്യമായെഴുതിയ കഥ ...............
അവളെ കൈ വിട്ടുപോകുമെന്ന ഭയത്തില്‍ ,
ഉറക്കമില്ലാതെ കിടന്ന, അനേകം രാത്രികളിലോന്നില്‍,
ഒറ്റയിരിപ്പിനു എഴുതി എക്സ്പ്രസ്സ്‌ വാരികക്ക് അയച്ചുകൊടുത്തു......
ഒരക്ഷരം പോലും മാറ്റാതെ അവര്‍ അത് പ്രസിദ്ധീകരിച്ചു .....
ഒരിക്കല്‍ കൂടി അവള്‍ക്കായി ഇത് പകര്‍ത്തുന്നു....
ഒരു പക്ഷെ എല്ലാവരെയും എതിര്‍ത്ത്
ഞങള്‍ വിവാഹം കഴിചില്ലായിരുന്നെങ്കില്‍ ഈ കഥപോലെയകുമായിരുന്നു ഞങ്ങളുടെ ജീവിതവും.

വിവാഹം

വിവാഹം


എല്ലാ ആഭരണങ്ങളും എടുത്തുവെച്ചൂവോ ?
അവന്‍ ചോദിച്ചു
ഉവ്വ് . അവള്‍ മറുപടി പറഞ്ഞു ...
സുഹൃത്തുക്കളോട് പറഞ്ഞോ ?
ഇല്ല, അങ്ങിനെ വിശ്വസിക്കാനാവുന്ന ആരും സുഹൃത്തുക്കളായി ഇല്ലല്ലോ ?
ബാങ്കിലെ പാസ്സ്ബൂക്ക്, എ ടി എം കാര്‍ഡ്‌ ? അവന്‍ ...
ഉവ്വ് . അവള്‍ ..
അമ്മ വാങ്ങിതന്ന പുതിയ സാരികള്‍ , ചുരിധാര്‍ ? അവന്‍ .
ഉവ്വ് . അവള്‍ .
പഠിക്കാനുള്ള പുസ്തകങ്ങള്‍ , സര്‍ട്ടിഫിക്കറ്റ് , ഐഡന്റിറ്റി കാര്‍ഡ്‌ , മേയ്ക്കപ്പ് ബോക്സ്‌ .............
അവന്‍ ചോദിച്ചു കൊണ്ടിരുന്നു .....
ഉവ്വ് , ഉവ്വ് ....
അവള്‍ മറുപടി പറഞ്ഞു കൊണ്ടിരുന്നു .....
എല്ലാമായെങ്കില്‍ നമുക്ക് ഒളിച്ചോടാം .......
നാളെ വിവാഹം കഴിക്കാം....